ലോകകപ്പിലെ വലിയ നഷ്ടങ്ങൾ
ലോകകപ്പിലെ വലിയ നഷ്ടങ്ങൾ :റഷ്യയിൽ ലോകകപ്പിന് അരങ്ങുണരുമ്പോൾ നഷ്ടങ്ങളുടെ കണക്കെടുത്താൽ ഏതൊരു ഫു്ടബോൾ പ്രേമിയുടേയും കണ്ണ് നിറയും. ക്ലബ് തലത്തിൽ മിന്നുന്ന പ്രകടനം നടത്തിയ ഒരു പിടി താരങ്ങളും കിരീട പ്രതീക്ഷൾ ഒട്ടേറെയുണ്ടായിരുന്ന ടീമുകളും ലോകകപ്പിന് റഷ്യയിലേക്കെത്തുന്നില്ല.
മുൻ ജേതാക്കളായ ഇറ്റലി, മൂന്ന് തവണ ഫൈനൽ കണ്ട നെതർലൻഡ്, കോപ്പ അമേരിക്കയിലെ രാജാക്കന്മാരായ ചിലി തുടങ്ങിയ ടീമുകൾ ലോകകപ്പ് യോഗ്യത നേടാതെ പോയതോടെ ആരാധകർക്ക് നഷ്ടമാകുന്നത് ഒരു സ്വപ്നതുല്യമായ ടീമിനെ തന്നെയാണ്.ഇറ്റലിയുടെ ഗോൾവലയ്ക്ക് മുന്നിലെ വന്മതിൽ ജിയാൻ ലൂയി ബഫൺ തന്നെയാണ് ലോകകപ്പിന്റെ വലിയ നഷ്ടങ്ങളിലൊന്ന്. പ്രതിരോധ നിരയിൽ നിലവിലെ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരം നെതർലൻഡിന്റെ വിർജിൽ വാൻ ഡൈക്ക്, ഇറ്റലിയുടെ പ്രതിരോധ ത്രയങ്ങളായ ജോർജിയൻ ക്ലില്ലിയെനി, ലിയനാർഡോ ബനൂച്ചി, ആന്ദ്രേ ബർസാഗ്ലി. വിങ്ങ് ബാക്കുളിൽ ഓസട്രിയയുടെ ഡേവിഡ് അലബ, ഇക്വഡോറിന്റെ അന്റോണിയോ വലൻസിയ എന്നിവരെ ഇക്കുറി നഷ്ടമാകും. മധ്യനിരയിലെ പ്രധാന നഷ്ടങ്ങൾ ചിലിയുടെ അർട്ടൂറോ വിദാൻ, ഇറ്റലിയുടെ മാർക്കോ വെരറ്റി, അമേരിക്കയുടെ ക്രിസ്റ്റ്യൻ പുലിസിച്ച് തുടങ്ങിയവരാണ്.
അതിവേഗതയ്ക്ക് പേരുകേട്ട ഒരുപിടി മുന്നേറ്റ താരങ്ങളും ലോകപ്പിനെത്തുന്നില്ലെന്നതും ആരാധകരെ നിരാശരാക്കുന്നു, നെതർലൻഡ് താരം ആര്യൻ റോബൻ, വെയിൽസിന്റെ ഗാരത് ബെയിൽ, ചിലിയുടെ അലക്സിസ് സാഞ്ചസ്, ഗാബോൺ താരമായ പിയറി എമറിക് ഔബമെയാങ് തുടങ്ങിയവർ റഷ്യയിൽ പന്തുമായി കുതിക്കാനുണ്ടാകില്ല. അത്ലെറ്റിക്കോ മഡ്രിഡിന്റെ സ്ലോവേനിയൻ ഗോൾക്കീപ്പർ ജാൻ ഒബ്ലാക്ക്, നാപ്പോളിയുടെ സ്ലോവാക്യൻ സൂപ്പർ താരം മരേക്ക് ഹാംസിക്ക്, ആഴ്സനലിന്റെ അർമീനിയൻ ഹീറോ ഹെന്റിക്ക് മിഖിതര്യൻ തുടങ്ങി ക്ലബുകളിൽ തകർത്തുകളിക്കുന്ന പലർക്കും റഷ്യൻ ലോകകപ്പ് സ്വപ്നം മാത്രമാണ്.


Comments
Post a Comment