അർജന്റീനക്ക് ശക്തമായ മുന്നറിയിപ്പുമായി മുൻ സൂപ്പർ താരം
ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീന ടീമിന് മുന്നറിയിപ്പുമായി മുന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട. ലോകകപ്പില്‍ ലയണല്‍ മെസിയെ മാത്രം ആശ്രയിച്ച് ടീം മുന്നോട്ടു പോയാല്‍ അപകടകരമാകുമെന്നാണ് ബാറ്റിസ്റ്റ്യൂട്ട പറയുന്നത്. ഏതു ടീമിലും കളിക്കാന്‍ പറ്റുന്ന പ്രതിഭാധനനായ കളിക്കാരനാണ് മെസി. എന്നാല്‍ ഒരു താരത്തെ മാത്രം ആശ്രയിച്ച് ലോകകപ്പ് പോലുള്ള പ്രധാന ടൂര്‍ണമെൻ്റിൽ ഇറങ്ങുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും.മെസിയെ അമിതമായി ആശ്രയിക്കുന്ന രീതി കോച്ച് ഗോര്‍ഗെ സാംപോളി നിര്‍ത്തണം- ബാറ്റിസ്റ്റ്യൂറ്റ പറയുന്നു. സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സലോ ഹിഗ്വെയ്ന്, മൗറോ ഇക്കാര്‍ഡി എന്നിവരെ സമര്‍ഥമായി ഉപയോഗിക്കാന്‍ കഴിയണം. ഒന്‍പതാം നമ്പറിലേക്ക് തന്റെ വോട്ട് ഹിഗ്വെയ്നാണെന്നും അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്ന ബാറ്റിസ്റ്റ്യൂട്ട പറയുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഒന്നിലേറെ ഹാട്രിക്കുകള്‍ നേടിയ ആദ്യ താരമാണ് നീളന്‍ മുടികളുമായി കളിക്കളങ്ങളെ ആവേശത്തിലാക്കിയ ബാറ്റിസ്റ്റ്യൂട്ട. അർജൻ്റീനക്ക് വ്യക്തമായ മുന്നറിയിപ്പാണ് അദ്ദേഹം നൽകുന്നത്.
ഗ്രൂപ്പ് ഡിയില്‍ നൈജീരിയ, ഐസ്ലന്ഡ്, ക്രൊയേഷ്യ ടീമുകള്‍ക്കൊപ്പമാണ് അര്‍ജന്റീന. അര്‍ജന്റീനയും നൈജീരിയയും ലോകകപ്പ് ഗ്രൂപ് റൗണ്ടില്‍ ഏറ്റുമുട്ടുന്നത് ഇത് അഞ്ചാം തവണ. 1994 മുതല്‍ ആറ് ലോകകപ്പ് യോഗ്യത നേടിയ നൈജീരിയക്ക് ഒരു തവണ മാത്രമേ (1998) അര്‍ജന്റീനയെ ഒഴിവായി കിട്ടിയിട്ടുള്ളൂ. നേരത്തെ നാല് തവണ ഗ്രൂപ് റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോഴും അര്‍ജന്റീനക്കായിരുന്നു ജയം. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീന പേടിക്കേണ്ടതും നൈജീരിയയെ തന്നെയാണ്.

Comments
Post a Comment