ഗെയിൽ കൊടുംകാറ്റിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ആദ്യ തോൽവി വഴങ്ങി ഹൈദരാബാദ്

ഐപിഎല്ലില്‍ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ കുതിച്ചുകൊണ്ടിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വീഴ്ത്തി. സ്വന്തം തട്ടകത്തില്‍ 15 റണ്‍സിനാണ് അശ്വിന്റെയും കൂട്ടരുടെയും വിജയം. ബാറ്റുകൊണ്ട് ക്രിസ് ഗെയ്ല്‍ തൊടുത്ത കൊടുങ്കാറ്റാണ് ഹൈദരാബാദിന് ആദ്യ തോല്‍വി സമ്മാനിച്ചത്. 63 പന്തില്‍ 104 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗെയ്ല്‍ തന്നെയാണ് കളിയിലെ താരം. സ്‌കോര്‍ പഞ്ചാബ് 193-3, ഹൈദരാബാദ് 178-4

വലിയ ലക്ഷ്യങ്ങളിലേക്ക് ബാറ്റുവീശുമ്പോള്‍ തുടക്കം നന്നാകണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഹൈദരാബാദിന് തുടക്കം പിഴച്ചു. ശിഖര്‍ ധവാന്‍ ഒരു പന്തുമാത്രം നേരിട്ട് പരിക്കുമൂലം റിട്ടയേര്‍ഡ് ഹര്‍ട്ടായത് സന്ദര്‍ശകരുടെ മുന്നോട്ടുള്ള പ്രയാണത്തെ പിന്നോട്ടടിച്ചു.

മറ്റൊരു ഓപ്പണറായ വൃദ്ധിമാന്‍ സാഹയ്ക്കാകട്ടെ ഏഴു പന്തില്‍ വെറും ആറു റണ്‍സ് മാത്രം നേടാനായത്. യൂസഫ് പത്താന്‍ തുടക്കത്തില്‍ ചില മിന്നല്‍ ബൗണ്ടറികള്‍ നേടി പ്രതീക്ഷ പകര്‍ന്നെങ്കിലും മോഹിത് ശര്‍മയുടെ രണ്ടാം വിക്കറ്റായി മടങ്ങാനായിരുന്നു വിധി. 13 പന്തില്‍ 19 റണ്‍സായിരുന്നു ബറോഡ താരത്തിന്റെ സമ്പാദ്യം.

രണ്ടിന് 37 റണ്‍സെന്ന നിലയിലാണ് കെയ്ന്‍ വില്യംസണും മനീഷ് പാണ്ഡെയും ഒത്തുചേരുന്നത്. ഇരുവരും സിംഗിളുകളും ഡബിളുകളുമെടുത്ത് സ്‌കോര്‍ ഉയര്‍ത്താനാണ് തുടക്കത്തില്‍ ശ്രമിച്ചത്. ഇതോടെ സ്‌കോറിംഗ് നിരക്ക് കുറഞ്ഞു. പത്തോവര്‍ പിന്നിടുമ്പോള്‍ 72 റണ്‍സ് മാത്രമായിരുന്നു സണ്‍റൈസേഴ്‌സിന്റെ സ്‌കോര്‍. മധ്യ ഓവറുകളില്‍ അഫ്ഗാനിസ്ഥാന്റെ പതിനാറുകാരന്‍ പയ്യന്‍ മുജീബ് റഹ്മാന്‍ കണിശതയോടെ പന്തെറിഞ്ഞതോടെ വില്യംസണ്‍- പാണ്ഡെ കൂട്ടുകെട്ട് നന്നായി ബുദ്ധിമുട്ടി. ടീം സ്‌കോര്‍ 113ല്‍വച്ച് 54 റണ്‍സെടുത്ത വില്യംസണും മടങ്ങിയതോടെ ഹൈദരാബാദ് തോല്‍വി ഉറപ്പിച്ചു.

നേരത്തെ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി കെ എല്‍ രാഹുല്‍ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ ക്രിസ് ഗെയ്ല്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് തന്നെ ആവര്‍ത്തിച്ചു. എട്ടാമത്തെ ഓവറിലെ അവസാന പന്തില്‍ രാഹുല്‍ പുറത്താവുമ്പോള്‍ 53-1 എന്ന നിലയിലായിരുന്നു പഞ്ചാബ്. 21 പന്തില്‍ 18 റണ്‍സാണ് രാഹുല്‍ നേടിയത്. രാഹുല്‍ പുറത്തായെങ്കിലും ക്രിസ് ഗെയ്ല്‍ വെടിക്കെട്ട് തുടര്‍ന്നു.

അതിനിടെ ഒന്‍പത് പന്തില്‍ 18 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ സിദ്ധാര്‍ത്ഥ് കൗളിന് വിക്കറ്റ് സമ്മാനിച്ചു. പതിനാലാം ഓവറില്‍ ക്രിസ് ഗെയ്‌ലിന് മുന്നില്‍ വന്നത് അന്താരാഷ്ട്ര ടി20 റാങ്കിംഗിലെ ഒന്നാമനായ സ്പിന്നര്‍ റാഷിദ് ഖാന്‍. എന്നാല്‍ ഒരു ദയയും ഗെയ്ല്‍ അഫ്ഗാന്‍ താരത്തോട് കാണിച്ചില്ല. ആ ഓവറില്‍ തുടര്‍ച്ചയായി നാലു സിക്‌സറുകളാണ് ഗെയ്ല്‍ പറത്തിയത്. ഗെയ്‌ലിനൊപ്പം ഒത്തുചേര്‍ന്ന കരുണ്‍ നായര്‍ വിന്‍ഡീസ് വെടിക്കെട്ട് താരത്തിന് ഉറച്ച പിന്തുണ നല്‍കി.

കരുണ്‍ നായര്‍ 31 റണ്‍സെടുത്ത് പുറത്തായെങ്കിലും മത്സരത്തിലെ പതിനെട്ടാം ഓവറില്‍ ഗെയ്ല്‍ തന്റെ ആറാം ഐപിഎല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 58 പന്തുകളില്‍ നിന്നായിരുന്നു താരത്തിന്റെ നേട്ടം. ഫിഞ്ച് 14 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. സണ്‍റൈസേഴ്‌സിന് വേണ്ടി ഭുവനേശ്വര്‍ കുമാറും സിദ്ധാര്‍ത്ഥ് കൗളും റാഷിദ് ഖാനും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു