ചെന്നൈ ആരാധകർക്ക് ആശങ്ക : ധോണി പരിശീലനത്തിനിറങ്ങിയില്ല

ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക് ആശങ്ക സമ്മാനിച്ച് കൊണ്ട് നായകൻ മഹേന്ദ്ര സിംഗ് ധോണി. കിംഗ്സ് ഇലവൻ പഞ്ചാബുമായി നടന്ന അവസാന മത്സരത്തിനിടെ പുറം വേദന അലട്ടിയ ധോണി കഴിഞ്ഞ ദിവസം നടന്ന ടീമിന്റെ പരിശീലന സെഷനിലും പങ്കെടുത്തില്ല. ഇതോടെ രാജസ്ഥാനെതിരെ നാളെ നടക്കുന്ന മത്സരത്തിൽ ധോണി കളിക്കുമോയെന്ന കാര്യവും‌ സംശയത്തിലായിരിക്കുകയാണ്.ടീമിന്റെ പുതിയ ഹോം ഗ്രൗണ്ടായ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനാണ് ധോണിയുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ മത്സരത്തിലെ പരിക്കാണോ താരത്തെ പരിശീലനത്തിൽ നിന്ന് പിൻ വലിച്ചത് എന്ന കാര്യം വ്യക്തമല്ല.

പുറം വേദന കൊണ്ട് പുളഞ്ഞായിരുന്നു കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ അവസാന മത്സരത്തിൽ ധോണി ബാറ്റ് ചെയ്തത്. ടീം പരാജയപ്പെട്ടെങ്കിലും 79 റൺസെടുത്ത് മികച്ച പ്രകടനമായിരുന്നു ചെന്നൈ നായകൻ പുറത്തെടുത്തത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ തന്റെ പരിക്കിനെക്കുറിച്ച് വേവലാതികൾ വേണ്ടെന്നും, അടുത്ത മത്സരത്തിൽ കളിക്കാൻ താനുണ്ടാകുമെന്നും ധോണി വ്യക്തമാക്കിയിരുന്നു. എന്നാൽ രാജസ്ഥാനെതിരായ മത്സരത്തിൽ ധോണിക്ക് കളിക്കാനാവാതെ വന്നാൽ കനത്ത തിരിച്ചടിയാകും ചെന്നൈയ്ക്കത്.അതേ സമയം ധോണിയുടെ പരിക്കിന്റെ വാർത്തകൾക്കിടയിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ആശ്വാസം നൽകുന്നതാണ് സൂപ്പർ താരം സുരേഷ് റെയ്ന പരിക്ക് മോചിതനായി പരിശീലനം തുടങ്ങിയെന്ന വാർത്ത. കാൽ വണ്ണയ്ക്കേറ്റ പരിക്കിനെത്തുടർന്ന് ചെന്നൈയുടെ കഴിഞ്ഞ മത്സരം നഷ്ടമായ റെയ്ന, ഇന്നലെ പൂനെയിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ പരിശീലന സെഷനിലെ സജീവ സാന്നിധ്യമായിരുന്നു. പരിക്കിൽ നിന്നും പൂർണമായി മോചിതനായ താരം രാജസ്ഥാൻ റോയൽസിനെതിരെ നാളെ നടക്കുന്ന മത്സരത്തിൽ ആദ്യ ഇലവനിലെത്തും എന്നാണ് ചെന്നൈ മാനേജ്മെന്റ് നൽകുന്ന സൂചന.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു