ഓസ്‌ട്രേലിയൻ ക്യാപ്റ്റൻസി : വേണ്ടി വന്നാൽ ഏറ്റെടുക്കുമെന്ന് വെടിക്കെട്ട് ബാറ്റ്സ്മാൻ
അടുത്തിടെ നടന്ന പന്തു ചുരണ്ടല്‍ വിവാദം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. നായകന്‍ സ്റ്റീവ് സ്മിത്തിനെയും ഉപനായകന്‍ ഡേവിഡ് വാര്‍ണറെയും യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റിനെയും ഇതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുകയും ചെയ്തു. 2019 മെയ്-ജൂലൈ മാസങ്ങളിലായി ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിലേക്ക് ഈ താരങ്ങള്‍ തിരിച്ചെത്തുമോയെന്ന കാര്യം ഉറപ്പില്ല.തിരിച്ചെത്തിയാലും ക്യാപ്റ്റന്‍ സ്ഥാനം സ്മിത്തിന് ഇനി ലഭിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതു കൊണ്ട് തന്നെ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ആര് നയിക്കുമെന്ന ചോദ്യം വളരെയധികം പ്രശസ്തമാണ്. പ്രത്യേകിച്ചും 2015ല്‍ നടന്ന അവസാന ലോകകപ്പില്‍ കിരീടം ചൂടിയത് ഓസ്‌ട്രേലിയയാണെന്നത് കൂടി പരിഗണിക്കുമ്പോള്‍. മൈക്കല്‍ ക്ലര്‍ക്കാണ് 2015ല്‍ ഓസ്‌ട്രേലിയയെ നയിച്ചത്. ഈ സാഹചര്യത്തില്‍ അവസരം ലഭിച്ചാല്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ച്.
‘ സത്യം പറഞ്ഞാന്‍ ക്യാപ്റ്റനാകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ല, വളരെ ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലൂടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കടന്നു പോകുന്നത്, ചില മാറ്റങ്ങള്‍ തീര്‍ച്ചയായും ഉണ്ടായേക്കും, ഇംഗ്ലണ്ടിനെതിരെയും പാക്കിസ്ഥാനെതിരെ ദുബായില്‍ വെച്ചും ഏകദിന മത്സരങ്ങള്‍ വരാനിരിക്കുകയാണ്, ക്യാപ്റ്റനാവാന്‍ അവസരം ലഭിച്ചാല്‍ അത് ഏറ്റെടുക്കും, എന്നാല്‍ അതിന് വേണ്ടി മാത്രം ചിന്തിച്ച് ഇരിക്കുകയല്ല’ – ഫിഞ്ച് മനസ്സ് തുറന്നു.നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് വിവാദ സംഭവം അരങ്ങേറിയത്. അതിന് ശേഷം അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നയിച്ചത് താല്‍ക്കാലിക ക്യാപ്റ്റനായിരുന്ന ടിം പെയിനാണ്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 88 ഏകദിന മത്സരങ്ങളും 36 ടി20 മത്സരങ്ങളും കളിച്ച ഫിഞ്ച് ഇതുവരെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ല. ടെസ്റ്റ് കളിക്കുകയെന്നതാണ് തന്റെ അടുത്ത സ്വപ്‌നമെന്ന് ഫിഞ്ച് ഈയിടെ വ്യക്തമാക്കിയിരുന്നു.

Comments
Post a Comment