ബാഴ്‌സ പുറത്തായത് നന്നായെന്ന് മുൻ ബാഴ്സിലോണൻ ഇതിഹാസ താരം
ഫുട്‌ബോള്‍ ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് ബാഴ്‌സ റോമയോട് തോറ്റ് ചാമ്പ്യന്‍സ് ലീഗില്‍ നിന്നു പുറത്തായത്. ആദ്യ പാദത്തില്‍ 4-1ന്റെ ജയം നേടിയ ബാഴ്‌സ രണ്ടാം പാദത്തില്‍ റോമയുടെ മൈതാനത്ത് 3-0ത്തിന് തകര്‍ന്നടിയുകയായിരുന്നു. സമസ്ത മേഖലകളിലും ബാഴ്‌സലോണയെ നിഷ്പ്രഭമാക്കിയാണ് റോമ സ്വന്തം മൈതാനത്ത് ജയിച്ചു കയറിയത്.ഒന്നു പൊരുതാന്‍ പോലും കഴിയാതെ റോമയോടൊപ്പം കളിക്കളത്തില്‍ ഓടാന്‍ മാത്രമായിരുന്നു ബാഴ്‌സലോണയുടെ വിധി. എന്നാല്‍ ബാഴ്‌സയുടെ ഇതിഹാസ താരം റിവാള്‍ഡോക്ക് വ്യത്യസ്തമായ അഭിപ്രായമാണ് ആ തോല്‍വിയെക്കുറിച്ചുള്ളത്.
ബാഴ്‌സയുടെ പരാജയം തന്നെ വിസ്മയിപ്പിച്ചുവെന്നു പറഞ്ഞ റിവാള്‍ഡോ ഒരു ബാഴ്‌സ ആരാധകന്‍ എന്ന രീതിയില്‍ അതു തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും വ്യക്തമാക്കി. എന്നാല്‍ ആ പരാജയം ഫുട്‌ബോളിന് നേട്ടങ്ങള്‍ നല്‍കുമെന്നാണ് റിവാള്‍ഡോ പറയുന്നത്.മറ്റു ടീമുകള്‍ക്ക് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആത്മവിശ്വാസത്തോടെ കളിക്കാനും ഫുട്‌ബോള്‍ എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ബഴ്‌സയും റയലും മാത്രമാണെന്ന നിലക്ക് മാറ്റങ്ങള്‍ വരുത്താനും റോമയുടെ ജയം കൊണ്ട് സാധിക്കുമെന്നും റിവാള്‍ഡോ പറഞ്ഞു.റയല്‍ മാഡ്രിഡും പുറത്താകലിന്റെ വക്കില്‍ എത്തിയതാണെന്നും അതു ശുഭസൂചനയാണെന്നും മുന്‍ ബാഴ്‌സ താരം പറഞ്ഞു. സംഭ്രമമില്ലാതെ അവര്‍ക്കെതിരെ കളിക്കാന്‍ മറ്റു ടീമുകളെ ഇതു സഹായിക്കും. ഇതു ഫുട്‌ബോള്‍ മേഖലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ചെറിയ ടീമുകള്‍ക്കു വരെ പൊരുതാനുള്ള ഊര്‍ജ്ജം പകരുമെന്നുമാണ് റിവാള്‍ഡോയുടെ പക്ഷം. റോമയും ലിവര്‍പൂളും വന്‍ശക്തികളായ ബാഴ്‌സയെയും മാഞ്ചസ്റ്റര്‍ സിറ്റിയെയും തകര്‍ത്ത് സെമി ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രിഡ് എന്നിവരെ വിറപ്പിച്ചാണ് സെവിയ്യയും യുവന്റസും ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടങ്ങിയത്.
Comments
Post a Comment