ഏറ്റവും മികച്ച ബോളിംഗ് ടീമിനെ വെളിപ്പെടുത്തി ജെയിംസ് ഫോക്ക്നർ

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ബോളിംഗ് നിര സൺ റൈസേഴ്സ് ഹൈദരാബാദിന്റേതാണെന്ന് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ജെയിംസ് ഫോക്ക്നർ. ബോളർമാരുടെ മികവാണ് ഈ സീസൺ ഐപിഎല്ലിലെ അവരുടെ മുന്നേറ്റത്തിന് കാരണമെന്നും, ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിലും അവർ അപരാജിതരായി തുടരുന്നതിന് മറ്റ് കാരണങ്ങൾ തിരക്കി പോകേണ്ടതില്ലെന്നും ഫോക്നർ കൂട്ടിച്ചേർത്തു‌.“ഭുവനേശ്വർ കുമാർ, ഷക്കീബ് അൽഹസൻ, സിദ്ധാർത്ഥ് കൗൾ, സന്ദീപ് ശർമ, റാഷിദ് ഖാൻ എന്നിവരടങ്ങിയ ബോളിംഗ് നിരയെ അസാമാന്യം എന്നേ വിളിക്കാൻ കഴിയൂ. കഴിഞ്ഞ കുറച്ച് ഐപിഎല്ലുകളിലായി ഭുവി മാരക ഫോമിലാണ് പന്തെറിയുന്നത്. പിന്നെ റാഷിദ് ഖാന്റെ കാര്യം, ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച ടി20 സ്പിന്നർ അദ്ദേഹമാണ്.

ഇത്തവണ റാഷിദ് അധികം വിക്കറ്റുകൾ നേടിയില്ലെങ്കിൽപ്പോലും റൺ വിട്ട് കൊടുക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന പിശുക്ക് എതിരാളികളെ വൻ സമ്മർദ്ദത്തിലാക്കുന്നു. സ്ഥിരതായർന്ന പ്രകടനം നടത്തുന്ന സൺ റൈസേഴ്സ് ബോളർമാരുടെ പ്രകടനം പ്രശംസയർഹിക്കുന്നതാണ്‌‌. അത് കൊണ്ട് തന്നെ എന്റെ അഭിപ്രായത്തിൽ ഈ വർഷത്തെ ഐപിഎല്ലിലെ ഏറ്റവും മികച്ച ബോളിംഗ് നിര (ഒന്നാം നമ്പർ ബോളിംഗ് നിര) സൺ റൈസേഴ്സിന്റേതാണ്.” ഫോക്നർ പറഞ്ഞു.സൺ റൈസേഴ്സിനെ ഒന്നാം നമ്പർ ബോളിംഗ് നിരയെന്ന് വിശേഷിപ്പിച്ച ഫോക്ക്നർ മുംബൈ ഇന്ത്യൻസിന്റെ ബോളിംഗ് ലൈനപ്പിനേയും വാനോളം പുകഴ്ത്തുന്നു. മുംബൈക്കും മികച്ച ബോളിംഗ് നിരയുണ്ടെന്നും, ജസ്പ്രീത് ബുംറയും, മുസ്താഫിസുറും ചേരുന്ന അവരുടെ ഡെത്ത് ബോളിംഗ് ഏത് ടീമിനെയും പേടിപ്പിക്കുന്നതാണെന്നും പറഞ്ഞ ഫോക്ക്നർ സൺ റൈസേഴ്സിന് പിറകേ ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബോളിംഗ് നിര മുംബൈ ഇന്ത്യൻസിനൊപ്പമാണെന്നും വ്യക്തമാക്കി.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു