ആറിൽ ആറും ബോക്സിന് പുറത്ത് നിന്ന് ; താരമായി റൂബൻ നെവെസ്
ആറ് വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് ക്ലബ് വോൾവറാംപ്ടൺ പ്രീമിയർ ലീഗിന് യോഗ്യത നേടിയത് ലോകമാകെ ചർച്ചയായിക്കഴിഞ്ഞു. ഇംഗ്ലീഷ് ഫുട്ബോൾ ലീഗിൽ അസാമാന്യ പ്രകടനം നടത്തിയ അവർ മൂന്ന് മത്സരങ്ങൾ ശേഷിക്കേയാണ് പ്രീമിയർ ലീഗ് യോഗ്യത ഉറപ്പിച്ചത്. വോൾവ്സിന്റെ മിന്നുന്ന പ്രകടനത്തിൽ താരമായി മാറിയിരിക്കുകയാണ് പോർച്ചുഗീസ് താരം റൂബൻ നെവെസ്.പോർച്ചുഗീസ് ക്ലബ് പോർട്ടോയിൽ നിന്ന് ഈ സീസൺ തുടക്കത്തിലാണ് നെവെസ് വോൾവ്സിലെത്തുന്നത്. ട്രാൻസ്ഫർ തുക പുറത്തുവിട്ടിട്ടില്ലെങ്കിലും ക്ലബിന്റെ ഏറ്റവും വലിയ സൈനിംഗായിരുന്നു നെവെസിന്റേതെന്നും റിപ്പോർട്ടുകളുണ്ട്. സീസണിൽ ടീമിനായി 39 മത്സരങ്ങൾ കളിച്ച നെവസ് സെൻട്രൽ മിഡ്ഫീൽഡറാണ്.
സീസണിൽ ആറ് ഗോളുകളാണ് നെവെസ് നേടിയത്. എന്നാൽ പ്രത്യേകതയെന്തെന്നാൽ ഈ ആറ് ഗോളുകളും ബോക്സിന് പുറത്തുനിന്നുള്ള കിടിലൻ ലോങ് റേഞ്ചറുകളായിരുന്നു. രണ്ട് ഡയറക്ട് ഫ്രീക്കിക്കുകളും ഇതിലുൾപ്പെടുന്നു.സീസൺ അവസാനിക്കുമ്പോൾ ചാമ്പ്യൻഷിപ്പ് ടീമിൽ നെവെസ് ഇടം പിടിച്ചിട്ടുണ്ട്. അതോടൊപ്പം മികച്ച താരം, മികച്ച യുവതാരം എന്നീ പുരസ്കാരങ്ങൾക്ക് താരം പരിണിക്കപ്പെടുന്നുമുണ്ട്. മൂന്ന് വർഷം പോർട്ടോയിൽ കളിച്ച നെവെസ്, ചാമ്പ്യൻസ് ലീഗിൽ ക്യാപ്റ്റന്റെ ആംബാൻഡ് അണിയുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. വോൾവ്സിലെ മിന്നുന്ന പ്രകടനത്തടെ നെവെസിന് പിന്നാലെ വൻ ക്ലബുകൾ കീടിയതായി റിപ്പോർട്ടുകളുണ്ട്. ലിവർപൂൾ നെവെസിന്റെ പിന്നാലെയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

Comments
Post a Comment