ഇംഗ്ലണ്ടിന്റെ വേൾഡ് കപ്പ് സാധ്യതയെ കുറിച് പ്രതിരോധ താരം പറയുന്നു
ജൂണില്‍ റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന് ലോകകപ്പില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ബ്രസീലില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ അവര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തിരുന്നു.മികച്ച ടീമുമായാണ് എത്തുന്നതെങ്കിലും ഇത്തവണ ലോകകപ്പ് നേടാന്‍ ഇംഗ്ലണ്ടിന് സാധ്യത കുറവാണെന്ന് തുറന്നു പറയുകയാണ് പ്രതിരോധ താരം കെയ്ല്‍ വാള്‍ക്കര്‍. ‘ ലോകകപ്പിനെ മികച്ച രീതിയില്‍ തന്നെ നേരിടും, എന്നാല്‍ കുറച്ചു കൂടി യാഥാര്‍ത്ഥ്യ ബോധത്തോടെ ടൂര്‍ണ്ണമെന്റിനെ സമീപിക്കണം, ലോകകപ്പ് നേടണമെങ്കില്‍ അദ്ഭുതം തന്നെ സംഭവിക്കണം, അതിനുള്ള താരങ്ങള്‍ ടീമിലുണ്ട്, എന്നാല്‍ കുറച്ചു നാളായി നമ്മള്‍ ടൂര്‍ണ്ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നില്ല’ – ഇംഗ്ലണ്ടിന് വേണ്ടി 34 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരം വ്യക്തമാക്കി. നല്ല ടീമുകള്‍ ലോകകപ്പിനെത്തുന്നുണ്ടെന്നും ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ലെന്നും താരം വിലയിരുത്തി.
2006ന് ശേഷം നോക്കൗട്ട് മത്സരങ്ങളില്‍ മോശം പ്രകടനമാണ് ഇംഗ്ലണ്ടിന്റേത്. 2010 ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ജര്‍മ്മനിയോട് തോറ്റ് അവര്‍ പുറത്തായി. 2016 യൂറോ കപ്പിലെ നോക്കൗട്ട് മത്സരത്തില്‍ കുഞ്ഞന്‍മാരായ ഐസ്‌ലന്‍ഡിന് മുന്നിലും ഇംഗ്ലണ്ട് നാണം കെട്ടു. ഇത്തവണ ലോകകപ്പില്‍ ബെല്‍ജിയം, പനാമ, ടുണീഷ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ട്. ജൂണ്‍ 18ന് ടുണീഷ്യക്കെതിരെയാണ് അവരുടെ ആദ്യ മത്സരം.

Comments
Post a Comment