ഹാർദികിനെക്കാൾ മികച്ചത് ക്രുനാല്‍ തന്നെ..മുൻ ഇന്ത്യൻ താരം

പതിനൊന്നാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരങ്ങള്‍ പിന്നിടുമ്പോള്‍ വിജയം നേടാനാകാതെ കിതക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ ആദ്യ മൂന്നു മത്സരങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. മറ്റു ടീമുകളെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തുമ്പോഴാണ് ഇത്. ഇന്ന് രാത്രി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് മുംബെെയുടെ അടുത്ത മത്സരം.

ഈ സാഹചര്യത്തില്‍ മുംബൈ ടീമിന്റെ നെടുന്തൂണുകളായ പാണ്ഡ്യ സഹോദരന്‍മാരുടെ ഫോമിനെ വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ടീമില്‍ വരെ ശ്രദ്ധേയനായ ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ മികവ് കാട്ടുന്നുണ്ട് ക്രുനാല്‍ പാണ്ഡ്യയെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നത്. 24കാരനായ ഹാര്‍ദിക് ഇന്ത്യയ്ക്ക് വേണ്ടി 6 ടെസ്റ്റ് മത്സരങ്ങളും 38 ഏകദിനങ്ങളും 30 ടി20 മത്സരങ്ങളും കളിച്ചു. എന്നാല്‍ ഏട്ടന്‍ ക്രുനാല്‍ ഇതുവരെ ദേശീയ ടീമില്‍ അരങ്ങേറിയിട്ടില്ല.പക്ഷേ, ഈ സീസണില്‍ ഇതുവരെ ഹാര്‍ദിക് പാണ്ഡ്യ 2 കളികളില്‍ നിന്ന് 24 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്. അതാണെങ്കില്‍ വെറും 104.34 എന്ന ടി20യിലെ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റിലും. മാത്രമല്ല, ഈ സീസണിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ താരത്തിന്റെ ബോളിംഗ് എക്കണോമി റേറ്റ് 9.33 എന്ന നിലയിലാണ്. ക്രുനാാല്‍ പാണ്ഡ്യയാകട്ടെ, 3 കളികളില്‍ നിന്ന് 159.52 സ്‌ട്രൈക്ക് റേറ്റില്‍ 67 റണ്‍സും 6.20 എക്കണോമി റേറ്റില്‍ 2 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഇത് വിലയിരുത്തിയാണ് ഗവാസ്‌കറുടെ അഭിപ്രായപ്രകടനം.

‘ ഹാര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്യുമ്പോള്‍ സ്പിന്നര്‍മാരെ പന്തേല്‍പ്പിക്കരുതെന്ന് എതിര്‍ ക്യാപ്റ്റന്‍മാര്‍ മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്, സ്പിന്നര്‍മാരെ ഹാര്‍ദിക് അതിര്‍ത്തി കടത്തും, എന്നാല്‍ പേസര്‍മാര്‍ക്കെതിരെ പരാജയപ്പെടുകയാണ്, മാത്രമല്ല, ഫീല്‍ഡിംഗ് നിയന്ത്രണങ്ങളുപ്പോള്‍ ഹാര്‍ദികിനെ പന്തെറിയാൻ കൊണ്ടു വരുന്ന തീരുമാനവും മുംബൈ പരിശോധിക്കണം, ക്രുനാല്‍ സ്പിന്‍ ബോളിംഗ് കൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനമാണ് നടത്തുന്നത്, അനിയന്‍ അടിക്കുന്നത് പോലെ വലിയ സിക്‌സുകള്‍ക്ക് പിറകേ പോവാതെ, നല്ല രീതിയില്‍ റണ്‍സ് കണ്ടെത്തുന്നുമുണ്ട് ക്രുനാല്‍’ – ഗവാസ്‌കര്‍ ഒരു പ്രമുഖമാധ്യമത്തിലെ തന്റെ കോളത്തില്‍ എഴുതി.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു