സൂപ്പർതാരങ്ങളെ മറികടന്ന് മുഹമ്മദ് സാല
ആരും പ്രവചിച്ചിരുന്നതല്ല മുഹമ്മദ് സാലയുടെ സീസണിലെ അസാധാരണ പ്രകടനം. സീസണിൽ ഇതുവരെ എല്ലാ മത്സരങ്ങളിൽ നിന്നുമായി 40 ഗോളുകളാണ് ഈജിപ്ഷ്യൻ സൂപ്പർ താരം അടിച്ചുകൂട്ടിയത്. ഇനിയും ആറ് മത്സരങ്ങൾ അവശേഷിക്കേ സാലയുടെ ഗോളടി എവിടെച്ചെന്നവസാനിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.സീസണിലിതുവരെ 45 മത്സരങ്ങളിൽ നിന്ന് 40 ഗോളുകളാണ് സാല സ്വന്തമാക്കിയത്. സാലയുടെ ഈ പ്രകടനം മറികടന്നത് 16-ഓളം സൂപ്പർ സ്ട്രൈക്കർമാരുടെ കരിയറിലെ ഏറ്റവും മികച്ച സീസൺ പ്രകടനങ്ങളെയാണെന്നത് ശ്രദ്ധേയമാണ്. തിയറി ഹെന്റി, ആന്ദ്രേ ഷെവ്ചെങ്കോ, ദിദിയർ ദ്രോഗ്ബ, വെയിൻ റൂണി, സാമുവൽ ഏറ്റു, അലെസാന്ദ്രോ ദെൽ പിയറോ, ഫിലിപ്പോ ഇൻസാഗി, സെർജിയോ അഗ്യൂറോ, ഗെബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, ഫ്രാൻസിസ്കോ ടോട്ടി തുടങ്ങിയ സൂപ്പർ സ്ട്രൈക്കർമാരെയാണ് സീസണിൽ സാല മറികടന്നത്.
2003-04 സീസണിൽ ആഴ്സനലിൽ കളിക്കുമ്പോൾ തിയറി ഹെന്റി നേടിയത് 39 ഗോളുകളായിരുന്നു. 2000-01 സീസണിൽ എ.സി മിലാനിൽ കളിക്കുമ്പോൾ യുക്രൈൻ താരം ഷെവ്ചെങ്കോ അടിച്ചുകൂട്ടിയത് 34 ഗോളുകളായിരുന്നു. 2010-11 സീസണിൽ ഇന്റർ മിലാനിൽ കളിക്കുമ്പോഴായിരുന്നു എറ്റുവിന്റെ ഗോൾവേട്ട, അന്ന് 37 ഗോളുകളായിരുന്നു ഏറ്റുവിന്റെ സംഭാവന. പ്രമുഖ താരങ്ങളെയെല്ലാം ഗോളടിയിൽ മറികടന്ന സാല ഇക്കുറി ഗോൾ വേട്ടയിൽ അർധശതകം തികയ്ക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Comments
Post a Comment