ഈജിപ്തിന്റെ പിന്തുണക്ക് സ്നേഹ സമ്മാനവുമായി മുഹമ്മദ് സലാ

ഈജിപ്തിന്റെ ദൈവങ്ങളിൽ ഒരാളാണിപ്പോൾ മുഹമ്മദ് സലാഹ്. റോമയിൽ നിന്നും ലിവർപൂളിൽ എത്തിയതിനു ശേഷം പിന്നീട് താരത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഗോളടിച്ചു കൂട്ടുന്ന താരം യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഗോൾവേട്ടക്കാരിൽ ഒരാളാണ്.ഈജിപ്തിനെ ലോകകപ്പിലെത്തിക്കാനും തന്റെ മികച്ച പ്രകടനം കൊണ്ട് സലാക്കായി. അതു കൊണ്ടു തന്നെ ഈജിപ്തിലെ ജനങ്ങളും വമ്പൻ പിന്തുണയാണ് താരത്തിനു നൽകുന്നത്. ആരാധകരുടെ വോട്ടെടുപ്പിൽ നൽകപ്പെടുന്ന പല അവാർഡുകളും താരത്തിന് ലഭിക്കുന്നത് ഈജിപ്തിലെയും ആഫ്രിക്കയിലെയും ജനങ്ങൾ നൽകുന്ന ഈ പിന്തുണ കൊണ്ടു കൂടിയാണ്.തന്റെ ജനങ്ങളുടെ അകമഴിഞ്ഞ ഈ പിന്തുണക്ക് തിരിച്ചു നൽകാനൊരുങ്ങുകയാണ് ഈജിപ്ഷ്യൻ മെസി.

സൺസ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം തന്റെ നാട്ടിൽ ഒരു മെഡിക്കൽ സെൻററും പെൺകുട്ടികൾക്കായി ഒരു സ്ക്കൂളും സലായുടെ നേതൃത്വത്തിൽ ഉയരാനൊരുങ്ങുകയാണ്. മറ്റു നഗരങ്ങളിലേക്കു പോകാതെ സ്വന്തം നാട്ടിൽ തന്നെ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നടത്താനാണ് ഈ സൗകര്യങ്ങൾ സലാ ഒരുക്കുന്നത്. നേരത്തേ തന്നെ ഈജിതിന്റെ പല ഭാഗങ്ങളിലും മെഡിക്കൽ, ആംബുലൻസ് സജ്ജീകരണങ്ങൾ ഒരുക്കുന്ന പ്രവൃത്തി സലായുടെ നേതൃത്വത്തിൽ നടന്നിരുന്നു.തന്റെ വേതനത്തിൽ നിന്നും ഒരു നിശ്ചിത ശതമാനം തുക എല്ലാ മാസവും തന്റെ നാട്ടിലെ സാധാരണക്കാർക്കു വേണ്ടി താരം ചിലവാക്കുന്നുണ്ടെന്ന് സലായുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനും സലായുടെ നാട്ടിലെ മേയറുമായ ഷത്തിയാഹ് മാധ്യമങ്ങളോടു പറഞ്ഞു. പ്രശസ്തി ഉദ്ദേശിക്കാതെയാണ് ഇതു ചെയ്യുന്നതെങ്കിലും ഈജിപ്തിൽ സലായുടെ കീർത്തി നാൾക്കു നാൾ വർദ്ധിച്ചു വരികയാണ്. അടുത്തിടെ നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ടു സ്ഥാനാർത്ഥികളുടെയും പേരുകൾ വെട്ടി പത്തു ലക്ഷത്തോളം പേരാണ് സലായുടെ പേർ ബാലറ്റ് പേപ്പറിൽ എഴുതി വച്ചത്.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു