ബഫണിന്റെ പിൻഗാമി പുതിയ റെക്കോർഡ് സൃഷ്ടിച്ചു
ഇറ്റാലിയൻ ഗോൾവലയ്ക്ക് മുന്നിൽ ജിയാൻ ലൂയി ബഫണിന്റെ സേവനം അവസാനഘട്ടത്തിലാണ്. ബഫൺ ഗ്ലൗസ് അഴിക്കുമ്പോൾ പകരക്കാരനെ ഇറ്റലി നേരത്തെ കണ്ടെത്തിയിരുന്നു. ബഫണിന്റെ പിൻഗാമി എന്ന വിശേഷണത്തിന് അർഹനായ എ.സി മിലാൻ ഗോൾക്കീപ്പർ ജിയാൻലൂയി ഡോണറുമ കഴിഞ്ഞ ദിവസം പുതിയ സെരി എ റിക്കാർഡ് സൃഷ്ടിച്ചു.നൂറ് സെരി എ മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡാണ് കഴിഞ്ഞ ദിവസം നാപ്പോളിക്കെതിരായ മത്സരത്തിൽ ഡോണറുമ സ്വന്തമാക്കിയത്. 19 വയസും 49 ദിവസവുമാണ് ഡോണറുമയുടെ പ്രായം. ഇറ്റിലയിലെ ഗോൾഡൻ ബോയി എന്നറിയപ്പെടുന്ന ജിയോവാനി റിവേറയെ പിന്തള്ളിയാണ് ഡോണറുമ നേട്ടം കൈവരിച്ചത്.
ജിയാൻ ലൂയി ബഫണിന് ഈ നേട്ടം കൈവരിക്കാൻ 21 വയസ് വരെ കാത്തിരിക്കേണ്ടിവന്നു.നൂറാം മത്സരം അവിസ്മരണീയമാക്കുന്ന തരത്തിൽ ഒന്നാന്തരമൊരു സേവും ഡോണറുമ നടത്തി. ഗോൾരഹിത സമനലിയിൽ കലാശിച്ച മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ, തന്റെ തൊട്ടുമിന്നിൽ നിന്ന് നാപ്പോളി താരം അർക്കാഡിയൂസ് മിലക്ക് തൊടുത്ത ,ഷോട്ട് അവിശ്വസനീയമായ തരത്തിലാണ് ഡോണറുമ തട്ടിയകറ്റിയത്. നേരത്തെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മിലാൻ ആരാധകരുടെ രോക്ഷം ഏറ്റുവാങ്ങിയ ഡോമറുമ ഇപ്പോൾ പ്രിയതാരമായിരിക്കുകയാണ്.

Comments
Post a Comment