പുതിയ ദൗത്യവുമായി സ്റ്റീവ് സ്മിത്ത് തിരിച്ചുവരുന്നു?
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് തിരിച്ചുവരുന്നു. ഒരു ടിവി ചാനലിന്റെ കമന്റേറ്ററായാണ് സ്മിത്ത് തിരിച്ചുവരവ് നടത്തുന്നത്.നിലവില്‍ ന്യൂയോര്‍ക്കിലാണ് താരം. ഫോക്‌സ്‌ടെല്‍ എന്ന പുതിയ ക്രിക്കറ്റ് ചാനലിലേക്കാണ് സ്മിത്ത് കമന്റേറ്ററായി എത്തുന്നത്. അതേസമയം ഇതുസംബന്ധിച്ച് ചാനല്‍ പ്രതികരിച്ചിട്ടില്ല. ചാനല്‍ സെവനുമായി ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മത്സര സംപ്രേഷണം ഫോക്‌സ് സ്‌പോര്‍ട്്‌സ് സ്വന്തമാക്കിയിട്ടുണ്ട്. ഇതിനായുള്ള കമേന്ററി പാനലില്‍ സ്മിത്തിനെയും ഉള്‍പ്പെടുത്താനാണ് നീക്കം.വിവാദത്തില്‍പ്പെട്ടതിന് ശേഷം സ്മിത്തിനെ നിരവധി സ്‌പോണ്‍സര്‍മാരും മറ്റും കൈയ്യൊഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഈ സാചര്യത്തിലാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് രംഗത്തെത്തിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ പര്യടനത്തിലാണ് സ്റ്റീവ് സ്മിത്ത് പന്തില്‍ കൃത്രിമം കാണിച്ചത്. തുടര്‍ന്ന് ക്രിക്കറ്റ് ലോകത്ത് ഇത് വലിയ ചര്‍ച്ചയാവുകയും സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ വിലക്കും കാമറണ്‍ ബെന്‍ക്രോഫ്റ്റിന് ഒന്‍പത് മാസത്തെ വിലക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചുമത്തിയിരുന്നു.ക്രിക്കറ്റിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ യുവതാരമായ ബെന്‍ക്രോഫ്റ്റിനെ ഉള്‍പ്പെടുത്തിയതിന് വന്‍ വിമര്‍ശനമാണ് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ക്രിക്കറ്റ് ലോകത്ത് ഏറ്റുവാങ്ങേണ്ടിവന്നത്. മത്സരം കൈവിട്ടുപോകുമെന്ന സാഹചര്യം വന്നപ്പോഴാണ് പന്തില്‍ കൃത്രിമം കാണിക്കാന്‍ തീരുമാനിച്ചതെന്നും ചെയ്തത് വലിയ തെറ്റായിപോയെന്നും ക്രിക്കറ്റിലേക്ക് കടന്നുവരുന്ന പുതുതലമുറയ്ക്ക് അത് തെറ്റായ സന്ദേശം നല്‍കിയെന്നും സ്മിത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം നടത്തിയിരുന്നു.തുടര്‍ന്ന് ക്രിക്കറ്റ് ലോകം സ്മിത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തത് തെറ്റാണെങ്കിലും അവരെ ക്രൂശിക്കരുതെന്ന് ആരാധകര്‍ക്ക് നിര്‍ദശം നല്‍കുകയും ചെയ്തിരുന്നു. അതേസമയം, ക്രിക്കറ്റ് മേഖലയിലേക്ക് താരം തിരിച്ചുവരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആശ്വാസമാകും.

Comments
Post a Comment