വിജയം, നീലപ്പടക്ക് അതിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ പോലും ആവില്ലായിരുന്നു, തോറ്റ് തുടങ്ങി തന്നെയാണു അവരെന്നും ലോകം ജയിച്ചത്. എന്നാൽ ആ പഴംങ്കഥ പാടി ആശ്വസിക്കാൻ കടുത്ത ആരാധകരുടെ നാവു പോലും അറച്ചു തുടങ്ങിയിരുന്നു.
വിജയം, നീലപ്പടക്ക് അതിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ പോലും ആവില്ലായിരുന്നു, തോറ്റ് തുടങ്ങി തന്നെയാണു അവരെന്നും ലോകം ജയിച്ചത്. എന്നാൽ ആ പഴംങ്കഥ പാടി ആശ്വസിക്കാൻ കടുത്ത ആരാധകരുടെ നാവു പോലും അറച്ചു തുടങ്ങിയിരുന്നു. നീലപ്പടയുടെ തുടർ തോൽ വികൾ എതിർ നിരയിലെ എല്ലാവർക്കും ആഘോഷമായിരുന്നു. ഭൂതകാലത്ത് നീലപ്പടയേൽപ്പിച്ച മുറിവുകൾക്ക് പകരമെന്നോണം അവരെ വേട്ടയാടി കൊണ്ടിരുന്നു. അതിനാൽ ശ്വാസം തന്നെയാണവർക്ക് വിജയം, അവർക്ക് ശ്വസിക്കണമായിരുന്നു നെഞ്ചും വിരിച്ച് ശ്വസിക്കണമായിരുന്നു. എന്നാൽ 4 ആമത്തെ യുദ്ധം ചെമ്പടക്കെതിരെന്നത് ഒരൽപ്പം അവരെ ആശങ്കപ്പെടുത്തിയിരിക്കണം, അതിനു കാരണം ഒന്നേയുള്ളു ചെമ്പടയുടെ "നായകൻ".
വാംഖഡയുടെ മണ്ണിൽ മൽസരം ആരംഭിക്കും മുന്നേ തുടർച്ചയായ 2 പന്തുകളിൽ രണ്ടു മുംബൈ ബാറ്റ്സ്മാന്മാരുടെ പിന്നിലെ കുറ്റികളിലെ എൽ ഈ ഡി ബൾബുകൾ തെളിയിച്ചിരുന്നു ഉമേഷ് യാദവ്. ആ ഒരു ഘട്ടത്തിലാണു കഴിഞ്ഞ മൽസരത്തിലെന്ന പോലെ 4 ആമനായി രോഹിത്ത് ക്രീസിലെത്തുന്നത്. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ സീരിയസ് തൊട്ട് താളം കണ്ടെത്താൻ വിഷമിക്കുന്ന രോഹിത്തിനു താളം കണ്ടെത്താനായാൽ മാത്രമേ മുംബൈക്ക് മുന്നോട്ടു പോവാനാവുമായിരുന്നൊള്ളു. ക്രീസിൽ എത്തുമ്പോൾ ഒരു റൺ പോലും ടീമിന്റെ അക്കൗണ്ടിലുണ്ടായിരുന്നില്ല, തുടർന്ന് സാഹചര്യങ്ങളെ പക്വതയോടെ കൈ കാര്യം ചെയ്യുന്ന രോഹിത്തിനേയാണു കാണുന്നത്. ശ്രദ്ധയോടെ ബാറ്റ് ചെയ്ത് തുടങ്ങുന്ന രോഹിത്ത്, കഴിഞ്ഞ മൽസരങ്ങളിലെന്ന പോലെ തന്നെ മികച്ച ഫോമിൽ തുടരുന്ന ലൂയിസിനു മറ്റൊരറ്റത്ത് നിന്ന് പിന്തുണക്കുകയായിരുന്നു. സ്വയം നിയന്ത്രിക്കുമ്പോഴും അവസരം കിട്ടുമ്പോൾ കൈകൾ ഫ്രീയാക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു, രണ്ടാമത്തെ ഓവറിൽ വോക്സെറിഞ്ഞ ഒരു ഹാൾഫ് വോളിയെ കവറിലത്തിച്ച ആ ഡ്രൈവിൽ ഒരു സൂചനയുണ്ടായിരുന്നു. പവർ പ്ലേയിൽ അടുത്തിടയായി രോഹിത്തിൽ കണ്ട് വന്ന അതിരു കടന്ന ആക്രമണത്തിനുള്ള പ്രവണത ഇന്നലെയില്ലായിരുന്നു, മോശം പന്തുകളെ പോലും ബഹുമാനിച്ചായിരുന്നു ആ ഇന്നിംഗ്സ് രോഹിത്ത് കെട്ടി പടുത്ത് തുടങ്ങിയത്. മറ്റേ അറ്റത്ത് ലൂയിസ് ആർ സി ബി ക്യാമ്പിലേക്ക് പട നയിക്കുകയായിരുന്നു. തലങ്ങും വിലങ്ങും ലൂയിസിന്റെ ബാറ്റിൽ നിന്ന് പന്ത് അതിർത്തി വരയിലേക്കും അതിനപ്പുറത്തേക്കും ഒഴുകിയപ്പോൾ രോഹിത്തിലുണ്ടായിരുന്ന സമർദ്ദം അയഞ്ഞിരുന്നു. ഒടുവിൽ ലൂയിസ് വീഴുമ്പോൾ 25 പന്തിൽ വെറും 32 റൺസ് മാത്രമായിരുന്നു രോഹിത്തിന്റെ ശേഖരം. പിന്നീട് രോഹിത്ത് ആക്രമണത്തിന്റെ ചുമതലയേൽക്കുകയായിരുന്നു. തുടക്കത്തിൽ നേടിയ രണ്ട് വിക്കറ്റുകളുടെ ആവേശത്തിൽ രണ്ടാമത്തെ സ്പെൽ എറിയാനെത്തുന്ന ഉമേഷ് യാദവിനെ സ്ക്വയർ ലെഗിനു മുകളിലൂടെ പറത്തിയായിരുന്നു രോഹിത്ത് സ്വാഗതം ചെയ്യുന്നത്, അടുത്ത പന്തിൽ ഒരു ബൗണ്ടറി കൂടി നേടി "ഹിറ്റ് മാൻ" സ്റ്റയിലിൽ തന്നെ രോഹിത്ത് തന്റെ അർദ്ധസെഞ്ച്വറി 32 പന്തിൽ പൂർത്തിയാക്കുന്നു. പിന്നീട് പലതവണ രോഹിത്ത് അതിർത്തി കണ്ടെത്തി കൊണ്ടിരുന്നു, മേറ്റ് അറ്റത്തുള്ളവർ മാറി മാറി കൊണ്ടിരുന്നതൊന്നും രോഹിത്തിനെ ബാധിച്ചിരുന്നില്ല. അവസാന ഓവർ തുടങ്ങും മുൻപേ 80 റൺസ് രോഹിത്ത് നേടിയിരുന്നു. അവസാന ഓവർ ചെയ്യാനെത്തിയ കോറി ആൻഡേഴ്സണെ തുടർച്ചയായി 3 തവണ അതിർത്തിയിലേക്ക് പായിച്ച രോഹിത്തിൽ നിന്നു ആരാധകർ ഒരു സെഞ്ച്വറി പ്രതീക്ഷിച്ചിരുന്നു, അടുത്ത പന്ത് എന്നാൽ അതിർത്തി വരക്കരികിൽ നിന്ന വോക്സിന്റെ കൈകളിലൊതുങ്ങിയപ്പോൾ നിരാശയിൽ ഹാർദ്ദിക്ക് പാണ്ട്യയെ പോലെ നാമും നിരാശയിൽ കൈകൾ വായുവിലടിച്ചിരുന്നു. എങ്കിലും ടീമിനെ ഏറ്റവും സുരക്ഷിതമായ തീരത്ത് എത്തിച്ചു തന്നെയാണു രോഹിത്ത് മടങ്ങിയത്, ഓപ്പണറുടെ റോൾ മുതൽ ഫിനിഷറുടെ റോൾ വരെ ഈ ഇന്നിംഗ്സിൽ രോഹിത്ത് അതി മനോഹരമായി കൈകാര്യം ചെയ്തിരുന്നു. ഈ ഇന്നിംഗ്സ് മുംബൈ ആരാധകർക്കെന്ന പോലെ തന്നെ രോഹിത്തിനും ആശ്വാസമാണു. സമീപകാലത്തെവിടേയും രോഹിത്തിൽ രോഹിത്തുണ്ടായിരുന്നില്ല, ആ സ്വാഭാവിക ഒഴുക്കില്ലായിരുന്നു, അതെ രോഹിത്ത് തിരിച്ചു വരികയാണു, രോഹിത്ത് രോഹിത്ത് രോഹിത്താകുകയാണു..
ശേഷം വിവേകപൂർവ്വം ആർ സി ബി എന്ന മദയാനയെ മെരുക്കുന്ന രോഹിത്ത് എന്ന ക്യാപ്റ്റൻ ഈ സീസണിലെ ആദ്യ വിജയം മുംബൈ ആരാധകർക്ക് നേടിക്കൊടുക്കുകയായിരുന്നു. ഇനി മുന്നോട്ട് തന്നെയാണു മുംബൈ, 3 മൽസരങ്ങൾ നിർഭാഗ്യം കൊണ്ട് മാത്രമാണവർ തോറ്റിരുന്നത്. വ്യക്തി കേന്ദ്രീകൃതമല്ലാത്ത ടീം എന്ന നിലയിലുള്ള പ്രകടനങ്ങൾ തന്നെയാണു എല്ലാ മൽസരത്തിലും അവർ കാഴ്ച്ചവെച്ചത്. ഈ വിജയം അവർക്ക് ഇന്ധനമാണു, പോരായ്മകൾ ഏറെയുണ്ടെങ്കിലും തിരിച്ചു വരവിന്റെ രാജാക്കന്മാർക്ക് മുൻപോട്ട് തടസ്സങ്ങൾ ഏറെയുണ്ടാവാനിടയില്ല ഇനി
-കൃപൽ ഭാസ്ക്കർ

Comments
Post a Comment