ഓറഞ്ച് ക്യാപ് ഇനി സഞ്ജുവിന്റെ തലയിൽ
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഐ പി എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് കുറ്റന്‍ സ്‌കോര്‍. നിശ്ചിത 20 ഓവറിൽ 217-4 റൺസാണ് രാജസ്ഥാൻ അടിച്ചു കൂട്ടിയത്. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച്ച വെച്ച സഞ്ജു സാംസണാണ് രാജസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു 45 പന്തിൽ 92 റൺസെടുത്ത് പുറത്താവാതെ നിന്നു. 10 സിക്സുകളാണ് സഞ്ജു മത്സരത്തിൽ അതിർത്തിക്ക് മുകളിലൂടെ പറത്തിയത്.ഇതോടെ ടൂർണമെന്റിലെ ടോപ് സ്‌കോറർ ആവുകയും ഓറഞ്ച് ക്യാപ് സ്വന്തമാക്കുകയും ചെയ്തു
ടോസ് നേടിയ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലി രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. പതിഞ്ഞ തുടക്കമാണ് രാജസ്ഥാന്‍ റോയല്‍സിന് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ലഭിച്ചത്. ബിഗ് ബാഷ് ലീഗിലെ വെടിക്കെട്ട് താരം ഡാര്‍സി ഷോര്‍ട്ട് വളരെ പതുക്കെയാണ് കളിച്ചത്. എന്നാല്‍ അജിങ്ക്യ രഹാനെ സ്‌കോറിംഗിന്റെ വേഗം കുറയാതെ നോക്കി. പവര്‍പ്ലേയിലെ അവസാന ഓവറില്‍ അജിങ്ക്യ രഹാനെ ക്രിസ് വോക്‌സിന്റെ പന്തില്‍ ഉമേഷ് യാദവിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 20 പന്തില്‍ 6 ബൗണ്ടറിയും 1 സിക്‌സുമടക്കം 36 റണ്‍സാണ് രഹാനെ നേടിയത്. തൊട്ടടുത്ത ഓവറില്‍ ഡാര്‍സി ഷോര്‍ട്ടിനെയും രാജസ്ഥാന് നഷ്ടമായി.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും റണ്ണൗട്ട് ചതിച്ചപ്പോള്‍ ഇന്ന് യുസ്‌വേന്ദ്ര ചാഹലാണ് ഷോര്‍ട്ടിനെ വീഴ്ത്തിയത്. 17 പന്തില്‍ 11 റണ്‍സ് മാത്രമാണ് ഷോര്‍ട്ട് നേടിയത്. മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ബെന്‍ സ്റ്റോക്‌സും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാനെ പതുക്കെ കരകയറ്റി. അവസാന ബെന്‍ സ്റ്റോക്‌സിനെ വീഴ്ത്തി വീണ്ടും ചാഹല്‍ വീണ്ടും രാജസ്ഥാന് തിരിച്ചടി നല്‍കി. 21 പന്തില്‍ 27 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്. എന്നാല്‍ സഞ്ജു സാംസണ്‍ മികച്ച ഫോമിലായിരുന്നു. സിക്‌സുകളടിലൂടെയായിരുന്നു സഞ്ജുവിന്റെ സ്‌കോറിംഗ്. 34 പന്തില്‍ മലയാളിതാരം തന്റെ 8ാം ഐ പി എല്‍ അര്‍ധസെഞ്ചുറി നേടുകയും ചെയ്തു.കുല്‍വന്ദ് ഖെജ്‌റോളിയ എറിഞ്ഞ 17ാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ രണ്ടു സിക്‌സുകളാണ് സഞ്ജു അടിച്ചു പറത്തിയത്. അടുത്ത ഓവറില്‍ 23 റണ്‍സെടുത്ത ബട്ട്‌ലര്‍ പുറത്തായി. നാലാം വിക്കറ്റില്‍ 73 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പാണ് ബട്ട്‌ലര്‍ സഞ്ജുവിനോടൊപ്പം പടുത്തുയര്‍ത്തിയത്. അവസാന ഓവർ വരെ സഞ്ജു വെടിക്കെട്ട് തുടർന്നതോടെ രാജസ്ഥാൻ കൂറ്റൻ സ്കോറിലെത്തി. രാഹുൽ ത്രിപാദി 14 റൺസെടുത്ത് പുറത്താവാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി ക്രിസ് വോക്സും യുസ്വേന്ദ്ര ചാഹലും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.


Comments
Post a Comment