ബെല്‍ജിയത്തിന് കനത്ത തിരിച്ചടി
കഴിഞ്ഞ ദിവസം നടന്ന ബൊറുസിയ ഡോര്‍ട്ട്മുണ്ട് – ഷാല്‍ക്കെ പോരാട്ടത്തിനിടെ പരുക്കേറ്റ ബെല്‍ജിയന്‍ താരം മിഷി ബാറ്റ്ഷൂയിക്ക ലോകകപ്പ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഷാല്‍ക്കെക്കെതിരെ നടന്ന മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് ഡോര്‍ട്ട്മുണ്ട് താരം ബാറ്റ്ഷൂയിക്ക് കണങ്കാലിന് പരുക്കേറ്റത്. മത്സരത്തിൽ 2-0ന് ഡോർട്ട്മുണ്ട് പരാജയപ്പെടുകയും ചെയ്തു.ഷാല്‍ക്കെ താരം ബെഞ്ചമിന്‍ സ്റ്റാംബൗളിയുടെ ഫൗളിനൊടുവില്‍ പരുക്കേറ്റ ബാറ്റ്ഷൂയിയെ സ്ട്രക്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. താരത്തിന്റെ പരുക്ക് ഗുരുതരമാണെന്ന സൂചനയാണ് പരിശീലന്‍ നല്‍കിയത്.
മിഷിയുടെ കണങ്കാലിന് വേദന കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പരിശോധന നടത്തിയതിന് ശേഷം കൂടുതല്‍ കാര്യം അറിയാമെന്നുമാണ് കോച്ച് പീറ്റര്‍ സ്റ്റോഗര്‍ പറഞ്ഞത്. താരത്തിന് കണങ്കാലില്‍ പൊട്ടലുണ്ടെന്നും ലോകകപ്പ് നഷ്ടമായേക്കുമെന്നും പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ചെല്‍സിയില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ബാറ്റ്ഷൂയി ഡോര്‍ട്ട്മുണ്ടിലെത്തിയത്. അതിന് ശേഷം കളിച്ച 10 ബുണ്ടസ് ലിഗ മത്സരങ്ങളില്‍ നിന്ന് 7 ഗോളുകളാണ് താരം ഡോര്‍ട്ട്മുണ്ടിനായി നേടിയത്. ജൂണില്‍ നടക്കുന്ന ലോകകപ്പിന് മുമ്പ് പരുക്ക് ഭേദമായില്ലെങ്കില്‍ അത് ബെല്‍ജിയത്തിന് കനത്ത തിരിച്ചടിയാവുമെന്നുറപ്പാണ്.

Comments
Post a Comment